വായിച്ചുവളരുന്നവരാണ് ചന്ദ്രനെ കീഴടക്കുന്നത് – സി ആര്‍ ദാസ് / അക്ഷരയാത്ര 2019

വായിച്ചുവളരുന്നവരാണ് ചന്ദ്രനെ കീഴടക്കുന്നത് – സി ആര്‍ ദാസ്

ഇരിങ്ങാലക്കുട:വായിച്ചുവളരുന്നവര്‍ക്ക് ചന്ദ്രനെയും ചൊവ്വയെയും കീഴടക്കാന്‍ കഴിയുമെന്ന് ബാലസാഹിത്യകാരനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആര്‍ ദാസ്. കൂട്ടുകാരുടെ വിജയത്തില്‍ സന്തോഷിക്കാനും പരാജയത്തില്‍ സങ്കടപ്പെടാനും കഴിയുന്ന യഥാര്‍ത്ഥ ചങ്ങാതിമാരാവാന്‍ വായനയിലൂടെ കഴിയും.
അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്ഷരയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ മാനേജര്‍ ഫാ. മാനുവല്‍ മേവട അദ്ധ്യക്ഷനായിരുന്നു.


സ്കൂളിലെ അധ്യാപികയായിരുന്ന ഗീതാമണി ഉണ്ണിക്കൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരം, കാവ്യാലാപനമത്സരം എന്നിവയില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കി.


ഡോണ്‍ ബോസ്കോ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. കുര്യാക്കോസ് ശാസ്താംകാല, ഐസിഎസ്ഇ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. മനു പീടികയില്‍, പി ടി എ പ്രസിഡന്റ് തിലകന്‍ ഇ കെ, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സൺ മുളവരിക്കല്‍, അധ്യാത്മിക ആചാര്യന്‍ ഫാ. ജോസിന്‍ താഴേത്തട്ടില്‍, സ്കൂള്‍ കോര്‍ഡിനേറ്റര്‍ സ്റ്റനി വര്‍ഗ്ഗീസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി, എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങള്‍ 50ശതമാനം വിലക്കിഴിവോടെ കുട്ടികളിലെത്തിക്കുന്ന പുസ്തകമേള അക്ഷരയാത്രയുടെ ഭാഗമാണ്.
ജൂലൈ 22, 23 തീയതികളില്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പുസ്തകമേളയില്‍നിന്നും കുട്ടികള്‍ക്ക് പകുതിവിലയ്ക്ക് പുസ്തകങ്ങള്‍ വാങ്ങാം.
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് 2014ല്‍ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 9വരെ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്.
മതിലകം സെയിന്റ് സെബാസ്റ്റ്യന്‍ സ്കൂളിലെ അക്ഷരയാത്ര ചെറുകഥാകൃത്ത് യു കെ സുരേഷ്കുമാര്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.