പ്രകൃതിയെ വായിക്കുന്നവരാണ് കവികള്‍ – ഇ ജിനന്‍ / അക്ഷരയാത്ര 2019

പ്രകൃതിയെ വായിക്കുന്നവരാണ് കവികള്‍ ഇ ജിനന്‍

കൊടുങ്ങല്ലൂര്‍: പ്രകൃതിയെ പുസ്തകംപോലെ വായിക്കുന്നവരാണ് കവികളെന്ന് ബാലസാഹിത്യകാരനായ ഇ ജിനന്‍. പ്രകൃതിയെ വായിക്കുന്നവരാകാന്‍ നല്ല പുസ്തകങ്ങള്‍ നമ്മെ സഹായിക്കുകയും ചെയ്യും.


കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ കൊടുങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യകാരന്‍ ബക്കര്‍ മേത്തല അദ്ധ്യക്ഷനായിരുന്നു. സ്കൂളിലെ മുന്‍ മലയാളം അധ്യാപിക എ എ കുഞ്ഞമ്മ മൈക്കിളിനെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ് എം എസ് സുമംഗലി, സീനിയര്‍ അസിസ്റ്റന്റ് കെ എ ഷീജ, കുട്ടികളുടെ പ്രതിനിധി സ്വാദ്ധി ബി എം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്കൂളില്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മുസിരിസ് പൈതൃകപദ്ധയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രപുസ്തകങ്ങളും മേളയിലുണ്ട്. വെള്ളിയാഴ്ച മേള അവസാനിക്കും.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് 2014ല്‍ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 9വരെ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് മേള.