ഓരോ വാക്കും ഉണ്ടായ കഥ അറിഞ്ഞ് കുട്ടികള്‍ വളരണം – കെ ഉണ്ണിക്കൃഷ്ണന്‍ / അക്ഷരയാത്ര 2019

ഓരോ വാക്കും ഉണ്ടായ കഥ അറിഞ്ഞ് കുട്ടികള്‍ വളരണം – കെ ഉണ്ണിക്കൃഷ്ണന്‍

കുന്നംകുളം: ഓരോ വാക്കും ഉണ്ടായ കഥ അറിഞ്ഞ് കുട്ടികള്‍ വളരണമെന്ന് നോവലിസ്റ്റും കഥാകൃത്തുമായ കെ ഉണ്ണിക്കൃഷ്ണന്‍. എന്നാല്‍ മാത്രമേ മാതൃഭാഷയ്ക്ക് വികസിക്കാനാകൂ. അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ കുന്നംകുളം ബഥനി സെയിന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആര്‍ ദാസ് അദ്ധ്യക്ഷനായിരുന്നു. അധ്യാപികയായ ഷിനി മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഭരണസമിതി അംഗവും സാഹിത്യകാരനുമായ ഷാജു പുതൂര്‍, സ്കൂള്‍ മാനേജര്‍ ഫാ. സോളമന്‍ ഒ ഐ സി, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. പത്രോസ് ഒ ഐ സി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്കൂളില്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മുസിരിസ് പൈതൃകപദ്ധയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രപുസ്തകങ്ങളും മേളയിലുണ്ട്. വെള്ളിയാഴ്ച മേള അവസാനിക്കും.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് 2014ല്‍ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 9വരെ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് മേള.

തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറിലെ അക്ഷരയാത്ര ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ ജി വിശ്വനാഥന്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.