ജീവിതത്തില്‍ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം: അഡ്വ. കെ രാജന്‍ / അക്ഷരയാത്ര 2019

ജീവിതത്തില്‍ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം: അഡ്വ. കെ രാജന്‍

ജീവിതത്തില്‍ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ എം എല്‍ എ പറഞ്ഞു. വഴി തെറ്റാത്ത ജീവിതത്തിലേക്ക് കുട്ടികളെ നയിക്കാന്‍ പുസ്തകങ്ങള്‍ക്കാവും.

 

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ദീപ്തി സ്കൂള്‍ മാനേജര്‍ ഫാ. സെബി പാലമറ്റത്ത് സി എം ഐ അദ്ധ്യക്ഷനായിരുന്നു.
സാഹിത്യകാരന്‍ സി ആര്‍ ദാസ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനായ ഫാ. ജോര്‍ജ് നെരേപ്പറമ്പില്‍ സി എം ഐയെ ചടങ്ങില്‍ ആദരിച്ചു.


വായനാമത്സരം, കാവ്യാലാപനമത്സരം എന്നിവയില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ മഹിപാല്‍ എം വി, പ്രധാന അധ്യാപിക നീന ജോണ്‍ സി, പി ടി എ പ്രസിഡന്റ് വിജയകുമാര്‍ ഇ എം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്കൂളില്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മുസിരിസ് പൈതൃകപദ്ധയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രപുസ്തകങ്ങളും മേളയിലുണ്ട്.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്നാണ് 2014ല്‍ അക്ഷരയാത്ര എന്ന പദ്ധതി ആരംഭിച്ചത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 9വരെ തൃശ്ശൂര്‍ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് മേള.