അക്ഷരയാത്ര 2019 മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. / ഗവ. മൊയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

അക്ഷരയാത്ര 2019 മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.

പാലക്കാട്: കുട്ടികളുടെ വായന പാഠപുസ്തകത്തിനു വെളിയിലേക്കു വ്യാപിച്ചാല്‍ മാത്രമേ അവരുടെ ചിന്താശേഷിയും ഭാവനാശേഷിയും വളരൂ എന്ന് സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്ര 2019 ന്റെ ഗവ. മൊയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച (2019 ഒക്ടോബര്‍ 22) രാവിലെ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ടി കെ നാരായണദാസ് അദ്ധ്യക്ഷനായിരുന്നു. അധ്യാപികയായ സി ഓമനയെ ചടങ്ങില്‍ ആദരിച്ചു. സാഹിത്യമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ അനില്‍ പി, പിടിഎ പ്രസിഡന്റ് ജിസ ജോമോന്‍, എസ് എം സി ചെയര്‍പേഴ്സന്‍ നസീമ ജാഫര്‍, മദര്‍ പിടിഎ പ്രസിഡന്റ് സുമതി സുരേഷ്, പ്രധാന അധ്യാപകരായ ശിവദാസന്‍ കെ, ശിവദാസന്‍ യു, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു. 
അക്ഷരയാത്രയോട് അനുബന്ധിച്ച് സ്കൂളില്‍ നടത്തുന്ന പുസ്തകമേളയില്‍ 230 ബാലസാഹിത്യ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പകുതിവിലയ്ക്ക് ഈ പുസ്തകങ്ങള്‍ വാങ്ങാം. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് പുസ്തകമേള ഉണ്ടാവുക. പാലക്കാട് ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന അക്ഷരയാത്ര ഒരു മാസം നീളും. സമീപസ്കൂളുകളിലെ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ച വായനപ്രോത്സാഹനപദ്ധതിയാണ് അക്ഷരയാത്ര.  മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, സാംസ്കാരികസമ്മേളനം, വിപുലമായ ബാലസാഹിത്യ പുസ്തകമേള തുടങ്ങിയവയാണ് അക്ഷരയാത്ര 2019ല്‍ ഉള്‍പ്പെടുന്നത്.