മണ്ണാര്‍ക്കാട് മേഖലയിലെ അക്ഷരയാത്ര പള്ളിക്കുറുപ്പ് ശബരി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് മേഖലയിലെ അക്ഷരയാത്ര പള്ളിക്കുറുപ്പ് ശബരി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു
 
മണ്ണാര്‍ക്കാട്: കുട്ടികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ ഉദ്ഘാടനം  പ്രശസ്ത സാഹിത്യകാരനും മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവുമായ  ശ്രീ കൃഷ്ണപുരം കൃഷ്ണൻകുട്ടി നിര്‍വഹിച്ചു. പാലക്കാട് ജില്ലയില്‍ നടക്കുന്ന അക്ഷരയാത്രയുടെ മൂന്നാമത്തെ വേദിയാണ് ശബരി സ്കൂള്‍. അധ്യാപകനായിരുന്ന എം മോഹന്‍ദാസിനെ ചടങ്ങില്‍ ആദരിച്ചു. മത്സരവിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.  പ്രധാന അധ്യാപിക കെ.ഹരിപ്രഭ അധ്യക്ഷയായി. പ്രിൻസിപ്പാൾ എ ബിജു, മലയാളം അധ്യാപകന്‍ എൻ പി ശശീധരൻ, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.  ആതിഥേയ സ്കൂളിലെയും സമീപസ്കൂളുകളിലെയും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് 230 ബാലസാഹിത്യ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും അക്ഷരയാത്രയിലുണ്ട്.  സ്കൂളിലെ അക്ഷരയാത്ര ഇന്നും തുടരും.
 
നെന്മാറ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് അക്ഷരയാത്രയുടെ അടുത്ത വേദി. ഒക്ടോബര്‍ 31 വ്യാഴാഴ്ച സാഹിത്യകാരന്‍ ഈയ്യങ്കോട് ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.