ഒലവക്കോട് എം ഇ എസ് സ്കൂളില്‍ അക്ഷരയാത്ര മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.

പുസ്തകവായന ലക്ഷ്യബോധമുണര്‍ത്തും – മുണ്ടൂര്‍ സേതുമാധവന്‍

 

olavakkod-mes-mundoor

പാലക്കാട്: പുസ്തകവായന ലക്ഷ്യബോധമുണര്‍ത്തുമെന്ന് സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്ര 2019 ന്റെ ഒലവക്കോട് എം ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച (2019 നവംബര്‍ 12) രാവിലെ നടന്ന ചടങ്ങില്‍ എം ഇ എസ് ജില്ലാ പ്രസിഡന്റ് എ ജബ്ബാര്‍ അലി അദ്ധ്യക്ഷനായിരുന്നു. അധ്യാപികയായ മീനാ ശ്രീകുമാറിനെ ചടങ്ങില്‍ ആദരിച്ചു. സാഹിത്യമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കി.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി അബൂബക്കര്‍, സ്കൂള്‍ മാനേജ്‍മെന്റ് കമ്മിറ്റി സെക്രട്ടറി ടി എം നസീര്‍ ഹുസൈന്‍, പി ടി എ പ്രസിഡന്റ് കെ ശിവ രാജേഷ്, പ്രധാന അധ്യാപിക ലതികാ സുരേഷ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.

അക്ഷരയാത്രയോട് അനുബന്ധിച്ച് സ്കൂളില്‍ നടത്തുന്ന പുസ്തകമേളയില്‍ 230 ബാലസാഹിത്യ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പകുതിവിലയ്ക്ക് ഈ പുസ്തകങ്ങള്‍ വാങ്ങാം. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് പുസ്തകമേള ഉണ്ടാവുക. പാലക്കാട് ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന അക്ഷരയാത്ര ഒരു മാസം നീളും. സമീപസ്കൂളുകളിലെ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ച വായനപ്രോത്സാഹനപദ്ധതിയാണ് അക്ഷരയാത്ര. മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, സാംസ്കാരികസമ്മേളനം, വിപുലമായ ബാലസാഹിത്യ പുസ്തകമേള തുടങ്ങിയവയാണ് അക്ഷരയാത്ര 2019ല്‍ ഉള്‍പ്പെടുന്നത്.