വല്ലപ്പുഴയിലെ അക്ഷരയാത്ര പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

വല്ലപ്പുഴയിലെ അക്ഷരയാത്ര പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

വല്ലപ്പുഴ: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്ര വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്ഷരയാത്ര ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 14നു രാവിലെ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപകന്‍ സുന്ദരന്‍ പി അദ്ധ്യക്ഷനായിരുന്നു. അധ്യാപികയായ നിര്‍മ്മല പി കെയെ ചടങ്ങില്‍ ആദരിച്ചു. സാഹിത്യമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വല്ലപ്പുഴ എച്ച് എസ് എസ് അധ്യാപകന്‍ രമേശ് കുമാര്‍, പി ടി എ പ്രസിഡന്റ് മരക്കാര്‍ മുത്തു, സ്റ്റാഫ് സെക്രട്ടറിമാരായ വി കെ ശ്രീനിവാസ്, ഷൈജ സുഗതന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി മണിക്കുട്ടന്‍ വി എസ് എന്നിവര്‍ സംസാരിച്ചു.

വല്ലപ്പുഴ സ്കൂളിലെയും സമീപസ്കൂളുകളിലെയും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് 230 ബാലസാഹിത്യ പുസ്തകങ്ങള്‍ 14നും 15നും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ സ്കൂള്‍ അങ്കണത്തില്‍ ലഭ്യമായിരിക്കും. ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുക.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ച വായനപ്രോത്സാഹനപദ്ധതിയാണ് അക്ഷരയാത്ര. മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, സാംസ്കാരികസമ്മേളനം, വിപുലമായ ബാലസാഹിത്യ പുസ്തകമേള തുടങ്ങിയവയാണ് അക്ഷരയാത്ര 2019ല്‍ ഉള്‍പ്പെടുന്നത്.