മൊബൈലിൽ തലകുനിച്ചിരുന്ന്‌ ചുറ്റുംനടക്കുന്നത്‌ അറിയാതെ ഉള്ളുറപ്പില്ലാത്തവരായി കുട്ടികൾ മാറരുത് – കെ പി സുധീര

മൊബൈലിൽ തലകുനിച്ചിരുന്ന്‌ ചുറ്റുംനടക്കുന്നത്‌ അറിയാതെ ഉള്ളുറപ്പില്ലാത്തവരായി കുട്ടികൾ മാറരുത് – കെ പി സുധീര

മൊബൈലിൽ തലകുനിച്ചിരുന്ന്‌ ചുറ്റുംനടക്കുന്നത്‌ അറിയാതെ ഉള്ളുറപ്പില്ലാത്തവരായി കുട്ടികൾ മാറരുതെന്ന്‌ എഴുത്തുകാരി കെ പി സുധീര പറഞ്ഞു. ചിന്ത പുസ്‌തകോത്സവത്തിന്റെ ഭാഗമായി ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സംഘടിപ്പിച്ച തളിര്‌ സാഹിത്യ ശിൽപശാല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീര. പറമ്പിൽ കൊത്തിപ്പറിക്കുന്ന കോഴിയും ആകാശത്തെ പറവയുംപോലെയാണ്‌ വായിക്കുന്നവരും വായിക്കാതിരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം. വായന ഉയര്‍ന്ന കാഴ്ചപ്പാട് സൃഷ്ടിക്കും. വായനയിലൂടെ ലഭിക്കുന്ന കാഴ്ചപ്പാടുകള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാനും ശ്രമിക്കണം. സുധീര കൂട്ടിച്ചേര്‍ത്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായി. പന്ന്യന്നൂർ ഭാസി രചിച്ച തച്ചോളി ഒതേനൻ എന്ന പുസ്തകവും കെ പി സുധീര പ്രകാശനം ചെയ്‌തു. “കവിത വരുന്ന വഴികൾ’ വിഷയത്തിൽ ഇ പി ആർ വേശാലയും കഥ എഴുത്തിന്റെ സങ്കേതങ്ങളെക്കുറിച്ച്‌ പയ്യന്നൂർ കുഞ്ഞിരാമനും സംസാരിച്ചു. ചിത്രരചനയിൽ സി സനൽകുമാർ, കെ കെ ഷൈജു എന്നിവർ ക്ലാസെടുത്തു. ടി പി വിത്സൻ സംസാരിച്ചു. പി കെ ബൈജു സ്വാഗതവും ടി അഭിജിത്ത്‌ നന്ദിയും പറഞ്ഞു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.