2021ലെ ബാലസാഹിത്യപുരസ്കാരങ്ങൾ സമ്മാനിച്ചു

ബാലസാഹിത്യപുരസ്കാരങ്ങൾ സമ്മാനിച്ചു
 
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച ബാലസാഹിത്യ പുരസ്കാരങ്ങൾ കവി പ്രഭാവർമ്മ ജേതാക്കൾക്കു സമ്മാനിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരസമർപ്പണം. കുഞ്ഞുങ്ങൾക്ക് മലയാളഭാഷയെക്കുറിച്ച് അഭിമാനമുണ്ടാക്കേണ്ട ഉത്തരവാദിത്തം ബാലസാഹിത്യകാർക്കുണ്ട്. ഹോമോസാപ്പിയനിൽനിന്ന് മനുഷ്യനിലേക്കുള്ള യാത്രയിൽ ബാല സാഹിത്യത്തിനുള്ള പങ്ക് വളരെ വലുതാണ്.  മറ്റുള്ളവരെക്കുറിച്ച് കരുതലുള്ള മനുഷ്യരായി കുട്ടികളെ വികസിപ്പിക്കാനുതകുന്ന സാഹിത്യമാണ് രചിക്കപ്പെടേണ്ടത്.
കുട്ടികളുടെ മനസ്സിനെ രൂപപ്പെടുത്താൻ കഴിയുന്ന സാഹിത്യകൃതികൾ രചിക്കുന്നതാണ് മഹത്വം. മറ്റുള്ളവരെക്കുറിച്ച്, സഹജീവികളോട് കരുതലുള്ള തലമുറയാവണം നമ്മുടേത്.  അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു.  ഭരണസമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണൻ തുടങ്ങിയവരും പുരസ്കാരജേതാക്കളും സംസാരിച്ചു. 
സമഗ്രസംഭാവനപുരസ്കാരം ഉൾപ്പടെയുള്ള പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. മലയത്ത് അപ്പുണ്ണി (സമഗ്രസംഭാവന പുരസ്കാരം), സേതു (കഥ/നോവൽ), മടവൂർ സുരേന്ദ്രൻ (കവിത), പ്രതീപ് കണ്ണങ്കോട് (നാടകം), മനോജ് അഴീക്കൽ( വൈജ്ഞാനികം), സാഗാ ജെയിംസ് (പുനരാഖ്യാനം), സുധീർ പൂച്ചാലി (ശാസ്ത്രം), സി റഹിം (ജീവചരിത്രം/ആത്മകഥ), റോഷൻ (ചിത്രീകരണം), പ്രശാന്തൻ മുരിങ്ങേരി (ചിത്രപുസ്തകം), ജനു, ശ്രീലേഷ് കുമാർ (പുസ്തക ഡിസൈൻ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.. 60,001 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് സമഗ്രസംഭാവനാപുരസ്കാരം. 20,000/ രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു പുരസ്‌കാരങ്ങൾ. 2018,19,20 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.