ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവന പുരസ്കാരം പയ്യന്നൂർ കുഞ്ഞിരാമന്

ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവന പുരസ്കാരം പയ്യന്നൂർ കുഞ്ഞിരാമന്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ സമഗ്രസംഭാവന പുരസ്കാരത്തിന് പയ്യന്നൂർ കുഞ്ഞിരാമൻ അർഹനായി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം ബാലസാഹിത്യകാരൻ, അധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ്. ബാലസാഹിത്യമടക്കം നൂറോളം പുസ്തകങ്ങൾ രചിച്ചു. പെരുമ്പടവം ശ്രീധരൻ, ജോർജ്ജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. മലയാള ബാലസാഹിത്യശാഖയ്ക്ക് സമഗ്രസംഭാവന നല്കുന്ന മികച്ച ബാലസാഹിത്യകാരെ ആദരിക്കാന്‍ 1998 മുതൽ നൽകിവരുന്നതാണ് സമഗ്രസംഭാവപുരസ്കാരം. കുഞ്ഞുണ്ണിമാഷിനായിരുന്നു ആദ്യ പുരസ്കാരം. പിന്നീട് സുമംഗല(1999), പ്രൊ. എസ് ശിവദാസ്(2000), പള്ളിയറ ശ്രീധരന്‍(2004), കെ തായാട്ട്(2006), സുഗതകുമാരി(2007), സിപ്പി പള്ളിപ്പുറം(2009), കെ വി രാമനാഥന്‍(2011), കെ ശ്രീകുമാര്‍ (2015), ശൂരനാട് രവി, ടി കെ ഡി മുഴപ്പിലങ്ങാട്(2017), പി പി കെ പൊതുവാൾ (2019), മലയത്ത് അപ്പുണ്ണി (2021) എന്നിവരും പുരസ്കാരത്തിന് അർഹരായി. 60,001 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്കാരം. പുരസ്കാരം നൽകുന്ന തീയതി പിന്നീട് അറിയിക്കും.