പള്ളിയറ ശ്രീധരന്‍


ജീവചരിത്രം

കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ 1950 ജനുവരി 17 നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി, എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി. CCRT ഓറിയന്റേഷന്‍ കോഴ്‌സ് NCERT റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയിനിങ് കോഴ്‌സ് എന്നിവയടക്കം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. കേരള വിദ്യാഭ്യാസവകുപ്പ് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഗണിതശാസ്ത്ര പഠനോപകരണ നിര്‍മാണമത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടിയും NCERTക്ക് വേണ്ടിയും ഗ്രന്ഥരചനയില്‍ സഹകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു.

രചനാമേഖല

ചെറുകഥകളെഴുതിയാണു തുടക്കം. അമ്പതോളം കഥകൾ പ്രസിദ്ധീകരിച്ചു. 1978ലാണ് ആദ്യപുസ്തകം  ( പ്രകൃതിയിലെ ഗണിതം) പ്രസിദ്ധീകരിച്ചത്.  നൂറ്റിമുപ്പതിലധികം പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നൂറിലധികവും ഗണിതവുമായി ബന്ധപ്പെട്ടവയാണ്. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്.

നിരവധി ആനുകാലികങ്ങളിൽ ഗണിതപംക്തികൾ കൈകാര്യം ചെയ്യുന്നുണ്ട്‌. മലയാളമനോരമ (പഠിപ്പുര, തൊഴിൽവീഥി, കൈത്തിരി, വനിത), മാതൃഭൂമി (വിജ്ഞാനരംഗം , തൊഴിൽവാർത്ത , ബാലഭൂമി), ദേശാഭിമാനി (വാരിക , കിളിവാതിൽ) പ്രതിച്ഛായ , വിദ്യാരംഗം, യുറീക്ക , ശാസ്ത്രകേരളം , തളിര്, മയിൽപീലി , സാഹിത്യപോഷിണി , ബാലകൌതുകം , ബാലചന്ദ്രിക , ബാലശലഭം , ശ്രീമുത്തപ്പൻ, എന്നിങ്ങിനെ അനേകം പ്രസിദ്ധീകരണങ്ങളിലായി ആയിരത്തോളം ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു.

ദൃശ്യമാധ്യമങ്ങളായ ദൂർദർശൻ , ഏഷ്യാനെറ്റ് , കൈരളി , സൂര്യ , അമൃത ,ജീവൻ , ഇൻഡ്യാ വിഷൻ , മനോരമവിഷൻ ,സിററി ചാനൽ , കേരളവിഷൻ സീൽ എന്നിവയിലും ആകാശവാണിയുടെ വിവിധനിലയങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌.

മലയാളത്തിൽ ഒരു ഗണിതശാസ്ത്രസാഹിത്യശാഖ പരിപോഷിപ്പിക്കുക്ക എന്ന നിർണ്ണായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതാനും കണക്ക്‌ പുസ്തകങ്ങൾ രചിക്കുകയല്ല ,മറിച്ച്‌ വളരെ വിരസമായി അനുഭവപ്പെടുന്ന അതേ സമയം ഏററവും പ്രധാനപ്പെട്ടതുമായ ഗണിതശാസ്ത്രത്തെ പൊതുജനങ്ങൾക്കും , വിശിഷ്യ കുട്ടികൾക്കും രസകരമായ ഒരു വിഷയമാക്കി മാററാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു സാഹിത്യശാഖ എന്ന നിലയിൽ റഫറൻസ്‌ ഗ്രന്ഥങ്ങൾ, കഥ , കവിത, നാടകം , ജീവചരിത്രം , സാങ്കേതികശാസ്ത്രം തുടങ്ങിയ വിവിധ ഇനം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. മലയാളത്തിൽ ആകെ രചിക്കപ്പെട്ട ഗണിതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പളളിയറയുടെ സംഭാവനയാണ്‌.

പുരസ്കാരങ്ങൾ

ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം, 2004.
ഭാരത് എക്സലൻസ് അവാർഡ്,2005.
ഹരിയാനയിലെ സുഭദ്രകുമാരി ചൌഹാൻ ജന്മശതാബ്ധി പുരസ്കാരം, 2004.
കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൌൺസിലിന്റെ ഏറ്റവും മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള അവാർഡ്, ഗണിതശാസ്ത്രപ്രതിഭകൾ എന്ന പുസ്തകത്തിനു്, 2006.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികകൃതിക്കുള്ള അവാർഡ്, സംഖ്യകളുടെ കഥ എന്ന പുസ്തകത്തിനു്, 1993.
ഗണിതവിജ്ഞാനരംഗത്ത് 80 പുസ്തകങ്ങൾ രചിച്ചതിനുള്ള പ്രത്യേക ഭീമ പുരസ്കാരം, 2007.
കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്, പൂജ്യത്തിന്റെ കഥ എന്ന പുസ്തകത്തിനു്, 1998.
സംസ്ഥാന അദ്ധ്യാപക അവാർഡ്, 1992.
അദ്ധ്യാപക കലാസാഹിത്യസമിതി അവാർഡ്,1992 ൽ സംഖ്യകളുടെ ജാലവിദ്യകൾ എന്ന പുസ്തകത്തിനും 2010 ൽ സമഗ്രസംഭാവനയ്ക്കും.
സമന്വയ സാഹിത്യ അവാർഡ്, സമഗ്രസംഭാവനയ്ക്ക് 1993 ൽ.
ആശ്രയ ബാലസാഹിത്യ അവാർഡ്, അത്ഭുതസംഖ്യകൾ എന്ന കൃതിക്ക്, 1995.
സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന ഗണിതശാസ്ത്ര പഠനോപകരണനിർമ്മാണ മത്സരത്തിൽ സമ്മാനം, 1982.

വിലാസം

പള്ളിയറ ശ്രീധരന്‍ 
വാരം 
കണ്ണൂര്‍- 670 594
ഫോണ്‍ : 9847178201, 0497 2721526 
Email : palliyarasreedharan@gmail.com
website : www.palliyarasreedharan.in