1 ബാലകൈരളി വിജ്ഞാനകോശം
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപിതസംരംഭം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബാലകൈരളി വിജ്ഞാനകോശങ്ങള്‍. ഇതില്‍ ആദ്യഗ്രന്ഥമായ കലയും സംസ്കാരവും 1988 ല്‍ പ്രസിദ്ധീകൃതമായി. തൊട്ടടുത്ത രണ്ടു വര്‍ഷങ്ങളിലായി ജീവലോകം, മാനവചരിത്രം എന്നീ വിജ്ഞാനകോശങ്ങളും പുറത്തിറക്കാനായി. കാല് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പുറത്തിറക്കിയ ഈ വിജ്ഞാനകോശങ്ങള്‍ അച്ചടിയിലും രൂപകല്പനയിലും ഉള്ളടക്കത്തിലും ഇന്നത്തെ പുസ്തകങ്ങളോടുപോലും കിടപിടിക്കുന്നു എന്നതാണ് ശ്രദ്ധേയം. വിവിധ വിജ്ഞാനശാഖകളില്‍ ഊന്നല്‍ നല്കി അവതരിപ്പിച്ച ബാലകൈരളി വിജ്ഞാനകോശത്തിന്റെ 6 വാല്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രസിദ്ധീകരിച്ചു. കലയും സംസ്കാരവും, ജീവലോകം, മാനവചരിത്രം, ഭാഷയും സാഹിത്യവും, ലോകരാഷ്ട്രങ്ങള്‍, സാങ്കേതികവിദ്യ എന്നിവയാണവ. ഇതിന് പുറമേ ഇന്ത്യന്സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒരു റഫറന്‍സ് ഗ്രന്ഥവും – ‘ദേശീയ സ്വാതന്ത്യ്രസമര ചരിത്രം കുട്ടികള്‍ക്ക്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ പല ഗ്രന്ഥങ്ങളും കൂടുതല്‍ മികവോടെ പരിഷ്കാരങ്ങളോടെ വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്.
2 ജീവചരിത്ര പരമ്പരകള്‍
ജീവചരിത്രങ്ങള്‍ വരും തലമുറകള്‍ക്കു നല്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകങ്ങളാണ്. ലോകചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രമുഖ പങ്കുവഹിച്ച നിരവധി പേര് ഈ ലോകത്തോടു വിടപറഞ്ഞു കഴിഞ്ഞു. അവരുടെയെല്ലാം ജീവിതം കുട്ടികള്‍ക്ക് ഏറെ പ്രചോദനമായിത്തീരും എന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സംശയമില്ല. ഈ ലക്ഷ്യത്തോടെ ആധുനികലോകത്തെ രൂപപ്പെടുത്തിയ 100 പേരുടെ ജീവചരിത്രം ‘ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവചരിത്ര പരമ്പര’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്. ലോകത്തെ സ്വന്തം ആശയങ്ങള്‍ കൊണ്ട് സ്വാധീനിച്ച മഹദ്വ്യക്തികളുടെ ജീവചരിത്രമാണ് പരമ്പരയില്‍. ചാള്‍സ് ഡാര്വിന്, നെല്‍സണ്‍ മണ്ടേല, സാലിം അലി എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഈ പരമ്പരയില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
രാഷ്ടപിതാവായ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള നാലോളം പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിന്റെ നവോത്ഥാനത്തില്‍ പങ്കുവഹിച്ച നിര്ണ്ണായകവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ കെ കേളപ്പന്, മുഹമ്മദ് അബ്ദുറഹ്മാന്, എ കെ ഗോപാലന്, വി ടി ഭട്ടതിരിപ്പാട്, ശ്രീനാരായണഗുരു, പൊയ്കയില്‍ യോഹന്നാന് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കവിയും കവിതയും എന്ന പേരില്‍ മലയാളത്തിലെ പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഒ എന്‍ വി കുറുപ്പിനെക്കുറിച്ചുള്ള പുസ്തകവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
എഡിസണ്, സിവി രാമന്, ബീര്‍ബല്‍ സാഹ്നി, ജി മാധവന് നായര്‍, അലക്സാണ്ടര്‍ ഫ്ലമിങ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ അവരെ അടുത്തറിയാനും ശാസ്ത്രത്തോടുള്ള അഭിനിവേശം വളര്‍ത്താന്‍ സഹായിക്കുന്നവയുമാണ്. ബാലാമണിയമ്മ, ഉള്ളൂര്‍, തകഴി, ഹെലന് കെല്ലര്‍, മദര്‍ തെരേസ, ഫ്ലോറന്‍സ് നൈറ്റിങ്ഗേല്‍, രവീന്ദ്രനാഥ ടാഗോര്‍, ഝാന്‍സി റാണി, ആനി ബസന്റ്, ജവഹര്‍ലാല്‍ നെഹ്രു, ബി ആര് അംബേദ്കര്‍, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ ജീവചരിത്രങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
3 വായിച്ചു വളരാം
ചെറിയ കുട്ടികളെ വായനയിലേക്കാകര്ഷിക്കണമെങ്കില് വര്ണ്ണചിത്രങ്ങളുടെയും കുറുംകഥകളുടെയും ലോകം തീര്‍ക്കുന്ന പുസ്തകങ്ങള്‍ വേണം. അങ്ങനെയുള്ള ഒരുകൂട്ടം പുസ്തകങ്ങളാണ് ‘വായിച്ചു വളരാം’ എന്ന പരമ്പരയില്‍. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍പാട്ടുകളും ഏറെ വര്ണ്ണപ്പൊലിമയൊടെ കുട്ടികളുടെ മുന്നിലേക്കെത്തുന്നു. വായനയുടെ വിവിധ ഘട്ടങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേകം പരമ്പരകളിലായി 35 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിച്ചു കഴിഞ്ഞിട്ടുണ്ട്.
4 വിവര്‍ത്തനങ്ങള്‍
മലയാളത്തിന്റെ തനതു കഥകളും കവിതകളും ബാലസാഹിത്യവും മാത്രമല്ല നമ്മുടെ കുട്ടികള്‍ പരിചയപ്പെടേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ബാലസാഹിത്യവും ലോകക്ലാസിക്കുകളും നാടോടിക്കഥകളും വായിച്ചുവളരുന്ന കുട്ടികള്‍ ലോകപൗരരായിത്തീരും എന്നതില്‍ സംശയമില്ല.
ഇതിനായി ഇന്ത്യയിലെ ഇതരഭാഷകളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള മികവുറ്റ രചനകളുടെ ഒട്ടേറെ വിവര്‍ത്തനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുണ്ട്.
ലോകോത്തര നാടോടിക്കഥകള്‍, ക്ളാസിക്കുകള്‍, ഉത്കൃഷ്ടരായ എഴുത്തുകാരുടെ കാലാനുവര്‍ത്തികളായ രചനകള്‍ തുടങ്ങിയവയ്ക്കാണ് ഇതില്‍ പ്രാധാന്യം കൊടുക്കുന്നത്. ‘അമ്മപ്പശുവിന്റെ കഥകള്‍’ എന്ന പരമ്പരയില്‍ പുറത്തിറക്കിയ 5 പുസ്തകങ്ങള്‍ വിഖ്യാതമായ സ്വീഡിഷ് ബാലസാഹിത്യ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളാണ്. അമ്മപ്പശുവിന്റെ ചിന്തകളും കുസൃതികളും നന്മയും നമ്മുടെ കുട്ടികളുടെ ചിന്തകളെപ്പോലും ഏറെ സ്വാധീനിക്കുന്നതാണെന്ന് കുട്ടിവായനക്കാരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വായനക്കാര്‍ക്കു മാത്രമല്ല മുതിര്‍ന്ന എഴുത്തുകാര്‍ക്കു പോലും ലോകസാഹിത്യത്തിലെ മികച്ച ബാലസാഹിത്യത്തെക്കുറിച്ച് പരിചയം ഉണ്ടാക്കാന്‍ ഈ വിവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ലോകോത്തര നാടോടിക്കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നവയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള കുട്ടികള്‍ക്കുതകുന്ന നാടോടിക്കഥകളുടെ പുനരാഖ്യാനമാണ് ലോകത്തര നാടോടിക്കഥകള്‍.. മനുഷ്യരെന്നു വിളിക്കാവുന്നവര്‍ ആദ്യം പരിണമിച്ചുണ്ടായത് ആഫ്രിക്കയിലാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ആഫ്രിക്കന്‍ ഗോത്രസമൂഹത്തില്‍ പ്രചാരത്തിലിരുന്ന നിരവധി കഥകള്‍ അതുകൊണ്ടു തന്നെ ലോകത്തിലെ തന്നെ ആദ്യ കഥകളായിരിക്കാം. അവരുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാന്‍ ഏറെ സഹായകരമാണ് ഇത്തരം നാടോടിക്കഥകള്‍. ഇങ്ങനെയുള്ള നാടോടിക്കഥകളുടെ സമാഹാരമാണ് ‘ആഫ്രിക്കന്‍ നാടോടിക്കഥകള്‍’ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നത്.
5 കഥാപരിചയം, പുതിയ കവിതകള്‍
മുതിര്‍ന്നവര്‍ക്കായി എഴുതുന്ന എഴുത്തുകാര്‍ ഏറെയുണ്ട് നമ്മുടെ കേരളത്തില്‍. അവരില്‍ പ്രമുഖരായ പലരും കുട്ടികള്‍ക്കായും രചനകള്‍ നടത്താറുണ്ട്. ടി പദ്മനാഭന്, മാധവിക്കുട്ടി, സക്കറിയ, എന്‍ പി മുഹമ്മദ്, സേതു, സി വി ശ്രീരാമന് തുടങ്ങിയവര്‍ എഴുതിയ കുട്ടികള്‍ക്കിണങ്ങിയ കഥകള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
മുഖ്യധാരാസാഹിത്യവുമായി പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് ഒരു വഴികാട്ടിയാണ് ഇത്തരം പുസ്തകങ്ങള്‍. ബാലസാഹിത്യകാര് അല്ലാത്ത, പ്രമുഖ എഴുത്തുകാരെക്കൊണ്ട് കുട്ടികള്‍ക്കായി എഴുതിക്കാനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. സക്കറിയ, കെ ആര് മീര, പി വത്സല, തനൂജ എസ് ഭട്ടതിരി, അച്യുത്ശങ്കര്‍ നായര്‍, പി പി രാമചന്ദ്രന്, ഇ സന്തോഷ്കുമാര്‍, എം ആര് രേണുകുമാര്‍, സുസ്മേഷ് ചന്ത്രോത്ത്, ജി ആര് ഇന്ദുഗോപന് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇത്തരത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളത്തിലെയും മറ്റു ഭാരതീയ-വിദേശ ഭാഷകളിലെയും പ്രമുഖരായ കഥാകാരുടെ കഥകള്‍ നേരിട്ടും തര്‍ജമ ചെയ്തും പ്രസിദ്ധീകരിച്ച സമാഹാരമാണ് ‘തിരഞ്ഞെടുത്ത കഥകള്‍’ മൂന്നു വാല്യങ്ങളിലായാണ് ഇതു പ്രസിദ്ധീകരിച്ചത്. നുണക്കഥകളുടെ ചിരിലോകത്തേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ‘മുഞ്ചാസന്‍ കഥകള്‍’ മൂന്നു പുസ്തകങ്ങളായി പുറത്തിറക്കിയിരിക്കുന്നു. ‘പ്രേംചന്ദിന്റെ തിരഞ്ഞെടുത്ത കഥകള്‍’ എന്ന കഥാസമാഹാരം മുന്‍ഷി പ്രേംചന്ദിന്റെ ഹിന്ദിക്കഥകളുടെ മലയാളപരിഭാഷയാണ്.
രവിന്ദ്രനാഥ ടാഗോറിന്റെ കഥകളെ ഉള്‍പ്പെടുത്തി ടാഗോര്കഥകളുടെ മലയാളപരിഭാഷ കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളുടെ വിശാലമായ ലോകമാണ് ടാഗോര്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സമകാലിക മലയാളകവികള്‍ കുട്ടികള്‍ക്കായി എഴുതിയ കവിതകളുടെ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഉള്ളൂരിന്റെ ബാലകവിതകള്‍, മൂലുരിന്റെ ബാലകവിതകള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. റഫീക്ക് അഹമ്മദ്, മോഹനകൃഷ്ണന് കാലടി തുടങ്ങിയ പുതിയ കവികളുടെ കവിതാസമാഹാരങ്ങള്‍ സമകാലീനകവിതകളിലേക്കുള്ള ചവിട്ടുപടികളായി കുട്ടികള്ക്കുതകും.
6 കഥാപുസ്തകങ്ങള്‍
കുട്ടികളെ വായനയുടെ പുതുലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥാപുസ്തകങ്ങള്‍ എന്നും ഇന്‍സ്റിറ്റ്യൂട്ടിന്റെ ശക്തി ആയിരുന്നു. മുണ്ടൂര്‍ സേതുമാധവന്റെ അമ്മ കൊയ്യുന്നു, പി വത്സലയുടെ അമ്മൂത്തമ്മ, എം ആര് രേണുകുമാറിന്റെ നാലാം ക്ളാസിലെ വരാല്, ഇ സന്തോഷ്കുമാറിന്റെ കാക്കരദേശത്തെ എറുമ്പുകള്‍, തനൂജ ഭട്ടതിരിയുടെ ലീന മേരി സെബാസ്റ്യന്‍ എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ പുതിയ കൃതികളാണ്. സിപ്പി പള്ളിപ്പുറം, എസ് ശിവദാസ് തുടങ്ങി ലബ്ധപ്രതിഷ്ഠരായ ബാലസാഹിത്യകാരുടെ കഥകളും നിരവധിയുണ്ട്.
7 ബൃഹത് കഥാപരമ്പര
ലോകക്ലാസിക്കുകള്‍ അതിന്റെ മൂലരൂപത്തില്‍ ആസ്വദിക്കുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. എന്നാല്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഇത്തരം ക്ലാസിക്കുകളെ ഏതൊരു കുട്ടിയും പരിചയപ്പെട്ടേ തീരൂ. ഈ ലക്ഷ്യം മുന്‍നിര്‍ത്തി രാമായണം, മഹാഭാരതം, പഞ്ചതന്ത്രകഥകള്‍, കഥാസരിത് സാഗരം, അറബിക്കഥകള്‍, ആന്ഡേഴ്സണ് കഥകള്‍, ഗ്രിം കഥകള്‍ എന്നിങ്ങനെ ഇന്ത്യയിലെയും വിദേശത്തെയും മഹത്കഥകള്‍ ഏതാണ്ട് പൂര്‍ണ രൂപത്തിലും മൂലകൃതിയോട് നീതി പുലര്‍ത്തുന്ന രീതിയിലും പ്രസിദ്ധീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയ്യെടുക്കുന്നു. ഇതില്‍ രാമായണം, മഹാഭാരതം എന്നിവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കഥാസരിത് സാഗരം തുടങ്ങിയ മറ്റു പുസ്തകങ്ങള്‍ അണിയറയിലാണ്.
8 പരിസ്ഥിതി പുസ്തകങ്ങള്‍
നാം നിലനില്ക്കണമെങ്കില് നമ്മുടെ ഭൂമി ഇതുപോലെ തന്നെ നിലനിന്നേ തീരൂ. പരിസ്ഥിതിസംരക്ഷണം നമ്മുടെയോരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീര്ന്നാലേ ഇതു സാധ്യമാകൂ. വരും തലമുറകള്‍ക്ക് ഇതെക്കുറിച്ച് ബോധ്യമുണ്ടായേ തീരു. ഇതിനു സഹായകരമായ രീതിയില്‍ നമ്മള് ജീവിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ശ്രേദ്ധേയമായതാണ് ഫീല്‍ഡ് ഗൈഡ് പരമ്പര. കേരളത്തിലെ സാധാരണ ചിത്രശലഭങ്ങള്‍, കേരളത്തിലെ സാധാരണ പക്ഷികള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു. പ്രകൃതി നിരീക്ഷണത്തിന് പോകുന്ന കുട്ടികള്‍ക്ക് കൈയില്‍ കൊണ്ടുനടന്ന് ഉപയോഗിക്കാവുന്ന വലിപ്പത്തിലാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാഥമിക പ്രകൃതി നിരീക്ഷണത്തിനുള്ള വിവരങ്ങളെല്ലാമുണ്ടുതാനും.
അന്യം നില്ക്കുന്ന ജീവികള്‍, അന്യം നിന്ന ജീവികള്‍ എന്നീ പുസ്തകങ്ങള്‍ വംശനാശം എന്ന പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നു. ലക്ഷദ്വീപിനെക്കുറിച്ചുള്ള കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്. കോം , സഹജീവനം ജീവന്റെ ഒരുമ, മഹാത്മജിയുടെ പാരിസ്ഥിതികദര്‍ശനങ്ങള്‍, അന്റാര്‍ട്ടിക്ക ഭൂമിയുടെ എയര്‍കണ്ടീഷണര്‍, ജന്തുലോകം അതിജീവനത്തിന്റെ തന്ത്രങ്ങള്‍, പ്രകൃതിയുടെ ചായക്കൂട്ടുകള്‍ എന്നിങ്ങനെയുള്ള ശാസ്ത്രപുസ്തകങ്ങള്‍ തുടങ്ങി പരിസ്ഥിതസ്നേഹം കുട്ടികളിലുണ്ടാക്കാനുതകുന്ന ‘ഒരു തേന്മാവിന്റെ കഥ’ പോലുള്ള കഥാപുസ്തകങ്ങള്‍ വരെ ഈ ശ്രേണിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
കാവേരി, ബ്രഹ്മപുത്ര, നര്‍മ്മദ, ഗംഗ എന്നീ നദികളുടെ കഥ വിവരിക്കുന്ന പുസ്തകങ്ങള്‍ നദികളുടെ പ്രാധാന്യം കുട്ടികള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ഉതകുന്നവയാണ്.
9 ശാസ്ത്ര പുസ്തകങ്ങള്‍
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനുള്ള നിരവധി പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ തുടക്കം മുതല്ക്കേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രസതന്ത്രത്തിന്റെ കഥ, ജ്യോതിശ്ശാസ്ത്രത്തിന്റെ കഥ എന്നിവ കോമിക് ചിത്രകഥാരൂപത്തില്‍ കുട്ടികളോടു സംവദിക്കുന്നു. കളിക്കാം പഠിക്കാം, ശാസ്ത്രപരീക്ഷണങ്ങള്‍ എന്നിവ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കാന്‍ കുട്ടികളെ സഹായിക്കുന്നു. പ്രവര്ത്തനോന്മുഖവും ഉദ്വേഗജനകവും രസകരവുമായി ശാസ്ത്രത്തെ തൊട്ടറിയാന്‍ സഹായിക്കുന്നവയാണ് ഈ പുസ്തകങ്ങള്‍.
ഗണിതശാസ്ത്രസംബന്ധമായ ബാലസാഹിത്യപുസ്തകങ്ങളും ഇന്സ്റ്റിറ്റ്യൂട്ടിന്റേതായുണ്ട്. ‘കണക്കിന്റെ വഴികള്‍’ എന്ന പുസ്തകം കഥകളിലൂടെ ഗണിതശാസ്ത്രവിഷയങ്ങളെ പരിചയപ്പെടുത്തുന്നു. കണക്കിലെ ദന്തഗോപുരങ്ങള്‍, കുട്ടികളുടെ ലീലാവതി, തുടങ്ങിയവയും ഗണിതത്തെ പരിചയപ്പെടുത്തുന്നവയാണ്.
ജ്യോതിശ്ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണ് ‘മാനത്തെ കാഴ്ചകള്‍’. ജ്യോതിശ്ശാസ്ത്രകുതുകിയായ ഏതൊരു കുട്ടിക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.
10 ചിത്രകലാപരിചയം
ഭാരതീയ ചിത്രകലയിലെ മഹാസ്തൂപങ്ങളായ രാജാ രവിവര്‍മ, ജാമിനി റോയി, അമൃതാ ഷെര്‍ഗില്‍ എം എഫ് ഹുസൈന് എന്നിവരെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകപരമ്പരയും ഇന്സ്റ്റിറ്റ്യൂട്ടിന്റേതായിട്ടുണ്ട്.. കുട്ടികളില്‍ ചിത്രകലാ വിദ്യാഭ്യാസവും ദൃശ്യാനുഭവപരിചയവും ഉണ്ടാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. ‘അമീര്‍ ഹംസയെ തട്ടിക്കൊണ്ടുപോയ കഥ’, ‘മിനിയേച്ചര്‍ ചിത്രകലയിലെ മുഗള്ജീവിതം’ എന്നീ പുസ്തകങ്ങള്‍ ചരിത്രകഥകളിലൂടെ മുഗള്‍ ചിത്രകലയെ പരിചയപ്പെടുത്തുന്നു.
11 ചിത്രപുസ്തകങ്ങള്‍
ചെറിയ കുട്ടികളെ വായനയിലേക്കാകര്ഷിക്കുന്നതില് ചിത്രപുസ്തകങ്ങള്ക്കുള്ള പങ്ക് വളരെ വലുതാണ്. വിദേശങ്ങളില്‍ ബാലസാഹിത്യത്തിലെ ഏറിയ പങ്കും ഇത്തരം പുസ്തകങ്ങളാണ്. പഴയ റഷ്യന്‍ ചിത്രപുസ്തകങ്ങള്ക്കു ശേഷം അത്തരം പുസ്തകങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമായിരുന്നു. ആ വിടവു നികത്താനുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങള്‍ മലയാള ബാലസാഹിത്യത്തിന് ഒട്ടേറെ ചിത്രപുസ്തകങ്ങള്‍ സംഭാവന ചെയ്തു കഴിഞ്ഞു. കേരളത്തിലെ ശ്രദ്ധേയരായ ചിത്രകാരെ വച്ച് നടത്തിയ ചിത്രകാരശില്പശാലയില് അവര്‍ തന്നെ കഥകളെഴുതി ചിത്രം വരച്ചുണ്ടാക്കിയ ചിത്രപുസ്തകങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. ഒരു വരിപോലും എഴുതാതെ ചിത്രങ്ങളിലൂടെ മാത്രം കഥ പറഞ്ഞുപോകുന്ന പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചിത്രങ്ങള്‍ നോക്കി സ്വന്തമായി കഥ പറയാന്‍ കുട്ടികളെ പ്രേരിപ്പിച്ച് അവരുടെ വാക്സമ്പത്തും ഭാഷാശേഷിയും ഭാവനയും വികസിപ്പിക്കാനുതകുന്ന പുസ്തകക്കൂട്ടമാണിത്. പതിമൂന്നു പുസ്തകങ്ങളാണ് ഇ പരമ്പരയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബഹുവര്‍ണ്ണ അച്ചടിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലായ്പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു തേന്മാവിന്റെ കഥ പോലുള്ള ചിത്രപുസ്തകങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വായിച്ചുവളരാം പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ചിത്രപുസ്തകവിഭാഗത്തില്പ്പെടുന്നവയാണ്. പുസ്തകത്തിനുള്ളില്ത്തന്നെ ആനിമേഷന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പുസ്തകങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കായുള്ള ശാസ്ത്രപുസ്തകമായ ‘ഹായ് അമ്പിളിമാമന്’ എന്ന പുസ്തകത്തിന്റെ പേജുകള്‍ വേഗത്തില്‍ മറിച്ചാല്‍ അമ്പിളിമാമന് വലുതാകുന്നതും ചെറുതാകുന്നതും കാണാം. ‘മുത്തശ്ശീടെ കണ്ണുകള്‍’ എന്ന പുസ്തത്തിലെ താളുകള്‍ വളരെ വേഗം തുറക്കുകയും അടക്കുകയും ചെയ്താല്‍ മുത്തശ്ശിയുടെ കണ്ണുകള്‍ ചലിക്കുന്നതു കാണാം. നമ്മുടെ കണ്ണുകളുടെ വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തെ പ്രയോജനപ്പെടുത്തുന്നവയാണ് ഈ രണ്ടു പുസ്തകങ്ങളും. വായിക്കാന്‍ മാത്രമുള്ളതാണ് പുസ്തകം എന്ന സാമ്പ്രദായികചിന്തയെത്തന്നെ ഈ രണ്ടു ചിത്രപുസ്തകങ്ങളും മാറ്റിമറിക്കുന്നു.
12 ചരിത്രവും സമൂഹവും
ചരിത്രം ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും ഹൃദ്യമായ ശൈലിയില്‍ ചരിത്രത്തെ അവതരിപ്പിച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്കു കഴിയും. സമൂഹത്തെക്കുറിച്ചും ഇത്തരം പുസ്തകങ്ങളാണ് നമുക്കാവശ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. ഒരു കഥ പോലെ ചരിത്രം പറഞ്ഞുപോകുന്ന ഒരു പുസ്തകമാണ് ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കുട്ടികള്‍ക്ക്’.
ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചും ദേശീയപതാകയെക്കുറിച്ചുമെല്ലാം ഉള്ള പുസ്തകങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം’ എന്ന പുസ്തകം കേരളചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം കുട്ടികള്‍ക്കു പകര്‍ന്നു നല്കാന് ഉതകുന്നതാണ്. ‘ദാണ്ഡി യാത്രയുടെ കഥ’, ‘1947 ആഗസ്റ്റ് 15 ന്റെ കഥ’ തുടങ്ങിയവയും ഇതേ ലക്ഷ്യത്തോടെ പുറത്തിറക്കിയവയാണ്.