കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കല, സാഹിത്യം, ശാസ്ത്രം, മാധ്യമം തുടങ്ങിയ വിവിധ മേഖലകള്‍ തിരിച്ചാണ്ഓരോ ക്യാമ്പുകളും നടത്തിവരുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഒരുമിച്ചുകൂടി അവരുടെ ആശയങ്ങളും പ്രതിഭയും പങ്കുവച്ച്, വിവിധ മേഖലകളില്‍ പ്രമുഖരായവരുമായി സംവദിച്ചാണ് ഓരോ ക്യാമ്പുകളും നടന്നിരുന്നത്. കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവും പ്രതിഭയും വികസിപ്പിക്കുവാനുതകുന്ന ഈ ക്യാമ്പുകളെ ഏറെ ആവേശത്തോടെയാണ് ഓരോ കുട്ടികളും സ്വീകരിച്ചത്. ക്യാമ്പുകളില്‍ നിന്നും ലഭിച്ച കുട്ടികളുടെ സര്‍ഗ്ഗസൃഷ്ടികള്‍ ചേര്‍ത്ത് കഥാമാലിക, കഥാകൗതുകം, സര്‍ഗവസന്തം തുടങ്ങിയ പേരുകളില്‍ പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിരുന്നു.

സര്‍ഗ്ഗവസന്തം സഹവാസക്യാമ്പുകള്‍

2013 മുതല്‍ സര്‍ഗ്ഗവസന്തം എന്ന പേരില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി വേനലവധിക്കാലത്ത് സഹവാസക്യാമ്പുകള്‍ നടത്തിവരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിലായി നടത്തിയ എല്ലാ ക്യാമ്പുകളിലും ആവേശം ഒട്ടും ചോരാതെ കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി. കഥ, കവിത, മാധ്യമം, ചിത്രരചന, നാടകം, സിനിമ, ശാസ്ത്രം എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു ക്യാമ്പുകള്‍. സര്‍ഗ്ഗവസന്തം എന്ന പേരില്‍ നടത്തിയ ഈ ക്യാമ്പുകള്‍ പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല ഇന്‍സ്റ്റിറ്റ്യൂട്ടിനും പുതിയൊരുണര്‍വ്വായിരുന്നു. അതതുരംഗത്തെ പ്രമുഖര്‍ അതിഥികളായെത്തുകയും നേതൃത്വം നല്‍കുകയും ചെയ്ത സര്‍ഗ്ഗവസന്തം ക്യാമ്പുകളില്‍നിന്നും മികച്ച സൃഷ്ടികളും പുറത്തിറങ്ങാറുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം ക്യാമ്പുകള്‍ തുടരാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.

ലക്ഷ്യം

കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍, സാമൂഹ്യബോധം, ശാസ്ത്രാഭിരുചി, പ്രകൃതിസ്നേഹം തുടങ്ങിയ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിച്ച് സമൂഹത്തിനു സംഭാവനകള്‍ ചെയ്യാന്‍ കഴിവുള്ള മികച്ച പൗരരാക്കി മാറ്റുക.

മേഖല

കഥ, കവിത, നാടകം,സിനിമ,ചിത്രരചന മാധ്യമപ്രവര്‍ത്തനം, പരിസ്ഥിതി, ശാസ്ത്രം, ചലച്ചിത്രം കൂടാതെ അനുയോജ്യമായ മറ്റു വിഷയമേഖലകളും.

ഉപയോക്താക്കള്‍

10 വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ഓരോ ക്യാമ്പിന്റെയും വിഷയമനുസരിച്ച് ഇതില്‍ മാറ്റം വരാം.

പദ്ധതികാലയളവ്

എല്ലാ വര്‍ഷവും ഏപ്രില്‍ – മേയ് മാസങ്ങള്‍. മാര്‍ച്ച് മാസത്തില്‍ അപേക്ഷിക്കാം.