തളിര് സ്കോളർഷിപ്പ് 2023 – വിജയികളെ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് 2023 ന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ മടവൂർ എൻ എസ് എസ് എച്ച് എസ് എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അനന്യ പി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ കരുവൻപൊയിൽ ജി എം യു പി എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അമൻ ഫയാസ് കെ ഒന്നാമതെത്തി.

സീനിയർ വിഭാഗത്തിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വർ എസ് എ ടി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കെ പി പൂജാലക്ഷ്മി രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ പത്താംക്ലാസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് വി മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ കയരളം എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണവേണി എസ് പ്രശാന്ത് രണ്ടാം സ്ഥാനവും കൊല്ലം ജില്ലയിലെ ചവറ സൗത്ത് ജി യു പി എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി മീനാക്ഷി എ ആർ മൂന്നാം സ്ഥാനവും നേടി.

പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക. 5000രൂപ, 3000രൂപ എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്കും ലഭിക്കും. ഇതു കൂടാതെ സംസ്ഥാനത്തൊട്ടാകെ 2500ഓളം കുട്ടികൾക്ക് ജില്ലാതല സ്കോളർഷിപ്പായി 16ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല പരീക്ഷയിൽ ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികളാണ് സംസ്ഥാനതല പരീക്ഷയിൽ പങ്കെടുത്തത്.

സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്ന തീയതിയും സ്ഥലവും പിന്നീട് പ്രഖ്യാപിക്കും.

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി – മന്ത്രി സജി ചെറിയാൻ
2023ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി എന്ന് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ ജേതാക്കൾക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും ആശയങ്ങൾ കുട്ടികളിലൂടെ നടപ്പിലാക്കുവാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് ശാസ്ത്രം, യുക്തി, പുരോഗമനാശയങ്ങൾ എന്നീ ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ ശ്രമിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ പുരസ്കാരങ്ങളാണ് മന്ത്രി സമ്മാനിച്ചത്.

സമഗ്രസംഭാവനപുരസ്കാരം ഉല്ലല ബാബു ഏറ്റുവാങ്ങി. കെ വി മോഹൻകുമാർ(കഥ), ദിവാകരൻ വിഷ്ണുമംഗലം(കവിത), ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി(വിവർത്തനം/പുനരാഖ്യാനം), ഡോ. ടി ഗീനാകുമാരി(വൈജ്ഞാനികം), ശ്രീചിത്രൻ എം ജെ(വൈജ്ഞാനികം), സാഗാ ജെയിംസ്(ശാസ്ത്രം), സെബാസ്റ്റ്യൻ പള്ളിത്തോട്(ജീവചരിത്രം), സാബു കോട്ടുക്കൽ(നാടകം), ബോബി എം പ്രഭ(ചിത്രീകരണം), പൂർണ്ണ പബ്ലിക്കേഷനുവേണ്ടി കെ ശ്രീകുമാർ(പ്രൊഡക്‌ഷൻ) എന്നവർ മറ്റു പുരസ്കാരങ്ങളും ഏറ്റുവാങ്ങി സംസാരിച്ചു.
2024 ജനുവരി 17ന് തിരുവനന്തപുരം പ്രസ്സ്ക്ലബിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സാംസ്കാരികവകുപ്പു ഡയറക്ടർ എൻ മായ ഐ എഫ് എസ് , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സുജ സൂസൻ ജോർജ്ജ്, എം ജി. കോളെജ് അസിസ്റ്റന്റ് പ്രൊഫസർ എൻ കെ സുനിൽകുമാർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോദ് കെ എന്നിവരും പുരസ്കാരജേതാക്കളും സംസാരിച്ചു.