സെമിനാറുകളും ശില്പശാലകളും
ബാലസാഹിത്യവുമായി ബന്ധപ്പെട്ട് എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കും ഡിസൈനര്‍മാര്‍ക്കുമായി വിവിധ സെമിനാറുകളും ശില്പശാലകളും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. രചനാശില്പശാലകളില്‍നിന്നും കിട്ടുന്ന മികച്ച രചനകള്‍ പിന്നീട് പുസ്തകങ്ങളായി പുറത്തിറങ്ങാറുണ്ട്. ബാലസാഹിത്യ ചിത്രീകരണരംഗത്തെ പുതിയ ആശയങ്ങളും സങ്കേതങ്ങളും പരിചയപ്പെടുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ചിത്രകാര്‍ക്കും ഡിസൈനര്‍മാര്‍ക്കുമായി ചിത്രകാരശില്പശാലകളും ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കാറുണ്ട്.
പുസ്തകരചയിതാക്കളെയും ചിത്രകാരെയും ഡിസൈനര്‍മാരെയും ഒരുമിച്ചിരുത്തി പുതിയ പുസ്തകങ്ങള്‍ രൂപപ്പെടുത്താനുള്ള ശില്പശാലകളും നടത്തിവരുന്നു.
ചരിത്രം
1981 നവംബര്‍ മാസത്തില്‍ ശിശുദിനമായ 14 മുതല്‍ നാലു ദിവസം നീണ്ടു നിന്ന ആദ്യത്തെ ബാലസാഹിത്യ സെമിനാര്‍ നടത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി.. ഇതോടനുബന്ധിച്ചു തന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആദ്യത്തെ ബാലസാഹിത്യ ശില്പശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരത്തു വച്ചും ശില്പശാലകളും സെമിനാറുകളും സംഘടിപ്പിച്ചു. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചിരുന്നു. ചിത്രരചന, കഥ, നാടകം, ശാസ്ത്രസാഹിത്യം, കവിത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി ശില്പശാലകളും സെമിനാറുകളും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിട്ടുണ്ട്. കേരളത്തിലെ ബാലസാഹിത്യശാഖയെ വളര്‍ത്തുവാന്‍ ഈ സെമിനാറുകളും ശില്പശാലകളും പങ്കുവഹിച്ചിട്ടുണ്ട്. 1993 ല്‍ നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ സമാഹരിച്ച് ബാലസാഹിത്യം – തത്വവും ചരിത്രവും എന്ന ഒരു പുസ്തകവും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുകയുണ്ടായി. ബാലസാഹിത്യരംഗത്തെ ഒട്ടേറെ പുതിയ പ്രവണതകളെയും ആശയങ്ങളെയും സമൂഹത്തിനു പരിചയപ്പെടുത്താന്‍ ഈ പുസ്തകത്തിനു സാധിച്ചു.